'പേടിച്ചിട്ടാണ് ആരും മിണ്ടാത്തത്, സഹികെട്ട് പറയുകയാണ്; ബോംബ് നിര്‍മാണത്തിന് പിന്നില്‍ പാര്‍ട്ടിക്കാര്‍': വെളിപ്പെടുത്തലുമായി യുവതി

'പേടിച്ചിട്ടാണ് ആരും മിണ്ടാത്തത്, സഹികെട്ട് പറയുകയാണ്; ബോംബ് നിര്‍മാണത്തിന് പിന്നില്‍ പാര്‍ട്ടിക്കാര്‍': വെളിപ്പെടുത്തലുമായി യുവതി

കണ്ണൂര്‍: തലശേരി എരഞ്ഞോളി ബോംബ് സ്ഫോടനത്തിന് പിന്നാലെ വെളിപ്പെടുത്തലുമായി പ്രദേശ വാസിയായ യുവതി.

പ്രദേശത്ത് പതിവായി ബോംബ് നിര്‍മാണം നടക്കുന്നതായും പലതവണ പറമ്പുകളില്‍ നിന്ന് ബോംബ് കണ്ടെടുത്തിട്ടുണ്ടെന്നും ഇന്നലെ ബോംബ് സ്ഫോടനത്തില്‍ മരിച്ച വേലായുധന്റെ അയല്‍വാസി സീന പറഞ്ഞു. പേടിച്ചിട്ടാണ് ആരും മിണ്ടാത്തതെന്നും സഹികെട്ടാണ് തുറന്നു പറയുന്നതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പാര്‍ട്ടിക്കാര്‍ ഇതിനു മുന്‍പും പലതവണ ബോംബ് എടുത്തു കൊണ്ടുപോയിട്ടുണ്ട്. ആളൊഴിഞ്ഞ വീടുകളെല്ലാം ഇവരുടെ താവളമാണ്. പലരും പേടിച്ചിട്ടാണ് മിണ്ടാതിരിക്കുന്നത്. മിണ്ടിയാല്‍ അവരുടെ വീടുകളില്‍ ബോംബ് എറിയും. പിന്നെ ജീവിക്കാന്‍ അനുവദിക്കില്ല.

സാധാരണക്കാരായ തങ്ങള്‍ക്ക് ജീവിക്കണം. ഇന്നലെ മരിച്ചത് ഒരു സാധരണക്കാരനാണ്.തങ്ങളുടെ കുട്ടികള്‍ക്ക് പറമ്പിലൂടെ കളിച്ച് നടക്കാന്‍ കഴിയണമെന്നും സീന പറഞ്ഞു.

ഗ്രാമപഞ്ചായത്ത് ഓഫിസിനും എരഞ്ഞോളി സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസിനും വിളിപ്പാടകലെയുള്ള വീട്ടിലാണ് ഇന്നലെ ഉച്ചയോടെ സ്ഫോടനം നടന്നത്. പറമ്പില്‍ തേങ്ങ പെറുക്കാനായി എത്തിയ വേലായുധന്‍ പറമ്പില്‍ നിന്നും കിട്ടിയത് സ്റ്റീല്‍ ബോംബാണെന്നറിയാതെ തുറക്കാന്‍ ശ്രമിക്കുമ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ബോംബ് നിര്‍മാണം സിപിഎമ്മിന്റെ അറിവോടെയാണെന്ന് കോണ്‍ഗ്രസും ബിജെപിയും ആരോപിച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.