'ഭാര്യയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചു; ഒരുമിച്ച് ജീവിക്കാനാണ് താല്‍പര്യം, കേസ് റദ്ദാക്കണം': പന്തീരാങ്കാവ് കേസിലെ പ്രതി ഹൈക്കോടതിയില്‍

 'ഭാര്യയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചു; ഒരുമിച്ച് ജീവിക്കാനാണ് താല്‍പര്യം, കേസ് റദ്ദാക്കണം': പന്തീരാങ്കാവ് കേസിലെ പ്രതി ഹൈക്കോടതിയില്‍

കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി രാഹുല്‍ ഹൈക്കോടതിയില്‍. എല്ലാ തെറ്റിദ്ധാരണകളും മാറ്റി ഭാര്യയോടൊപ്പം ഒരുമിച്ചു പോകാന്‍ തീരുമാനിച്ചു.

ഭാര്യയുടെ സത്യവാങ്മൂലം മാനിച്ച് തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് രാഹുല്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും.

താനും ഭാര്യയുമായുള്ള എല്ലാ പ്രശ്നങ്ങളും ഒത്തുതീര്‍പ്പായി. തെറ്റിദ്ധാരണകളെല്ലാം മാറി. ഒരുമിച്ച് ജീവിക്കാനാണ് തങ്ങള്‍ക്ക് താല്‍പര്യം. താന്‍ കേസ് പിന്‍വലിക്കുകയാണെന്ന് കാണിച്ച് യുവതി സത്യവാങ്മൂലത്തില്‍ ഒപ്പിട്ടു നല്‍കിയിട്ടുണ്ട്. ഈ സത്യവാങ്മൂലം പരിഗണിച്ച് കേസ് റദ്ദാക്കണണെന്നാണ് രാഹുല്‍ ആവശ്യപ്പെടുന്നത്.

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ ഇതിനോടകം നിരവധി ട്വിസ്റ്റുകളാണ് ഉണ്ടായത്. ഭര്‍തൃവീട്ടില്‍ വെച്ച് മര്‍ദ്ദനമേറ്റതായി യുവതിയും കുടുംബവും പരാതി നല്‍കുന്നതോടെയാണ് കേസിന് തുടക്കം. മര്‍ദ്ദനമേറ്റതിന്റെ പാടുകളും യുവതി മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാണിച്ചിരുന്നു. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാല്‍ പിന്നീട് യുവതിയെ കാണാനില്ലെന്ന് വീട്ടുകാര്‍ വെളിപ്പെടുത്തിയതിന് പിന്നാലെ, യൂട്യൂബ് വീഡിയോയിലൂടെ രാഹുല്‍ നിരപരാധിയാണെന്ന് പറഞ്ഞ് യുവതി പ്രത്യക്ഷപ്പെട്ടു. രാഹുല്‍ മര്‍ദ്ദിച്ചിട്ടുണ്ട്. എന്നാല്‍ അത് സ്ത്രീധനവുമായി ബന്ധപ്പെട്ടുള്ള പീഡനമായിരുന്നില്ല.

വീട്ടുകാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് രാഹുലിനെതിരെ പരാതി നല്‍കിയതെന്നും യുവതി പറഞ്ഞു. നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച യുവതിയെ മൊബൈല്‍ ട്രാക്ക് ചെയ്ത് ഡല്‍ഹിയില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കേസില്‍ നിയമോപദേശം തേടാനാണ് പൊലീസിന്റെ തീരുമാനം. പരാതി നുണയാണെന്ന് പരാതിക്കാരി തന്നെ വെളിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഈ നീക്കം. കാണാനില്ലെന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയെ കസ്റ്റഡിയിലെടുത്ത് എറണാകുളത്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു.

കേസില്‍ കുറ്റപത്രം നല്‍കും മുമ്പ് യുവതി കോടതിയില്‍ നല്‍കിയ ഈ മൊഴി കൂടി പരിശോധിക്കും. ഇതിനായി പൊലീസ് ഉടന്‍ അപേക്ഷ നല്‍കുമെന്നാണ് സൂചന.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.