മൂന്നാര്‍ വ്യാജ പട്ടയങ്ങളില്‍ സര്‍ക്കാരിനെതിരെ അമിക്കസ് ക്യൂറി

 മൂന്നാര്‍ വ്യാജ പട്ടയങ്ങളില്‍ സര്‍ക്കാരിനെതിരെ അമിക്കസ് ക്യൂറി

കൊച്ചി: മൂന്നാറില്‍ പട്ടയ വിതരണത്തിലെ വിവര ശേഖരണത്തില്‍ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടുവെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയെ അറിയിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പെടെ ആരും ഒന്നും പരിശോധിക്കുന്നില്ല. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കീഴില്‍ സ്പെഷ്യല്‍ ഓഫീസറെ നിയമിക്കണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു.

ഇതുമായി ബന്ധപ്പെട്ട് കോടതിക്ക് പരിമിതികളുണ്ടെന്നും സര്‍ക്കാരാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യേണ്ടതെന്നുമായിരുന്നു കോടതിയുടെ മറുപടി. ഇത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതി നേരത്തെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. വ്യാജ പട്ടയങ്ങള്‍ നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ എന്ത് നടപടി എടുത്തെന്ന് ഡിവിഷന്‍ ബെഞ്ച് ചോദിച്ചിരുന്നു. കേസില്‍ സിബിഐയെ കക്ഷി ചേര്‍ക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

വ്യാജ പട്ടയങ്ങള്‍ക്ക് പിന്നില്‍ ഉദ്യോഗസ്ഥ- മാഫിയ സംഘമുണ്ടെന്നും വലിയ അഴിമതി നടന്നിട്ടുണ്ടെങ്കിലും കേസുകളില്‍ ഒന്നിലും അഴിമതി നിരോധന പ്രകാരമുള്ള കുറ്റം ചുമത്തിയില്ലെന്നും നേരത്തെ കോടതി പറഞ്ഞിരുന്നു. പല ഭൂമി കയ്യേറ്റ കേസുകളിലും സര്‍ക്കാരിന് തിരിച്ചടി ഉണ്ടായിട്ടും അതില്‍ അപ്പീല്‍ പോലും നല്‍കാതെ സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണെന്നും ഡിവിഷന്‍ ബെഞ്ച് വിമര്‍ശിച്ചു.

മൂന്നാറിലെ രവീന്ദ്രന്‍ പട്ടയങ്ങളുമായി ബന്ധപ്പെട്ട് മുന്‍ തഹസില്‍ദാര്‍ എം.ഐ രവീന്ദ്രനെതിരെ എന്തുനടപടി എടുത്തെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങളില്‍ 42 കേസുകള്‍ ക്രൈംബ്രാഞ്ചും 24 എണ്ണം വിജിലന്‍സും ആണ് അന്വേഷിക്കുന്നത്. ഈ കേസുകളിലാണ് ഹൈക്കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.