ഈനാംപേച്ചിയും മരപ്പട്ടിയും വേണ്ട; സിപിഎമ്മിന് ചിഹ്നം ബോംബ് മതി: നിയമസഭയില്‍ പരിഹാസവുമായി കോണ്‍ഗ്രസ്

 ഈനാംപേച്ചിയും മരപ്പട്ടിയും വേണ്ട; സിപിഎമ്മിന് ചിഹ്നം ബോംബ് മതി: നിയമസഭയില്‍  പരിഹാസവുമായി കോണ്‍ഗ്രസ്

തിരുവനന്തപുരം: സിപിഎമ്മിനെ പരിഹസിച്ച് നിയമസഭയില്‍ പ്രതിപക്ഷം. സിപിഎമ്മിന് ചിഹ്നം ഈനാംപേച്ചിയും മരപ്പട്ടിയും വേണ്ട, ബോംബ് മതിയെന്ന് സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. ദുരൂഹ സാഹര്യത്തില്‍ കാണുന്ന സ്റ്റീല്‍ പാത്രങ്ങള്‍ ആരും തുറന്നു നോക്കരുതെന്ന നിര്‍ദേശം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പറഞ്ഞു.

തലശേരിയില്‍ ആള്‍ത്താമസമില്ലാത്ത വീട്ടുപറമ്പില്‍ തേങ്ങയെടുക്കാനെത്തിയ 85 കാരന്‍ ബോംബ് സ്‌ഫോടനത്തില്‍ മരിച്ച സംഭവം സഭയില്‍ ഉന്നയിച്ച് സംസാരിക്കുകയായിരുന്നു പ്രതിപക്ഷം. സിപിഎമ്മിന് ചിഹ്നം പോയാല്‍ എ.കെ ബാലന്‍ പറഞ്ഞത് പോലെ ഈനാംപേച്ചിയും മരപ്പട്ടിയും വേണ്ട ബോംബ് മതിയെന്ന് സണ്ണി ജോസഫ് എംഎല്‍എ പരിഹസിച്ചു.

കൂത്തുപറമ്പ്, വടകര തിരഞ്ഞെടുപ്പുകളില്‍ ആര്‍ക്കെതിരെ പ്രയോഗിക്കാനാണ് ബോംബ് നിര്‍മിച്ചതെന്നും സണ്ണി ജോസഫ് എംഎല്‍എ ചോദിച്ചു. സിപിഎം ബോംബ് നിര്‍മാണം ആയുധമാക്കുകയാണെന്നും അതിനെ പ്രോത്സാഹിപ്പിക്കുകയാണെന്നും പിന്നീട് ന്യായീകരിക്കുകയാണെന്നും സണ്ണി ജോസഫ് എംഎല്‍എ കുറ്റപ്പെടുത്തി.

കേസുകളില്‍ നിന്ന് പ്രതികള്‍ക്ക് രക്ഷ നല്‍കുന്നു. അതിന് പണം നല്‍കുന്നു. രക്തസാക്ഷികളെ പ്രഖ്യാപിച്ച് ശിക്ഷിക്കുന്നതും അതിനെ ബഹുമതിയാക്കി മാറ്റുന്നതും അവസാനിപ്പിക്കണമെന്നും സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു.

അതേസമയം ദുരൂഹ സാഹര്യത്തില്‍ കാണുന്ന സ്റ്റീല്‍ പാത്രങ്ങള്‍ ആരും തുറന്നു നോക്കരുതെന്ന നിര്‍ദേശം ജനങ്ങള്‍ക്ക് നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ആള്‍ത്താമസമില്ലാത്ത വീട്ടുപറമ്പില്‍ തേങ്ങയെടുക്കാനെത്തിയ ആളാണ് മരിച്ചത്.

എടുത്ത് നോക്കിയതും കൈയ്യിലിരുന്ന് പൊട്ടി. മുഖം പോലും ഉണ്ടായില്ല. പാര്‍ട്ടിയിലെ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള സംഘര്‍ഷമാണ് ബോംബ് നിര്‍മാണത്തിന് പിന്നില്‍. സ്വന്തം പാര്‍ട്ടിക്കാര്‍ക്കു വേണ്ടി ഉണ്ടാക്കിയ ബോംബാണ് ഇതെന്നും സതീശന്‍ ആരോപിച്ചു.


അതേസമയം പാനൂരില്‍ വയോധികന്‍ മരിച്ച സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ സമാധാനം തകര്‍ക്കാനുള്ള ശ്രമം കര്‍ശനമായി തടയുമെന്നും ബോംബ് നിര്‍മാണത്തില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംഭവത്തില്‍ ഊര്‍ജിത അന്വേഷണം നടത്തി കുറ്റക്കാരായ 15 പേരെയും അറസ്റ്റ് ചെയ്ത് നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ഫോടക വസ്തുക്കളുടെ നിര്‍മ്മാണവും മറ്റും തടയുന്നതിന് ശക്തമായ നടപടികളും പരിശോധനയുമാണ് പൊലീസ് നടത്തി വരുന്നത്.

ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും അനധികൃത നിര്‍മ്മാണവും ശേഖരണവും തടയുന്നതിനും കണ്ടെത്തുന്നതിനുമായി ക്വാറികള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിരന്തരം റെയ്ഡുകള്‍ നടത്തി ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.